Thursday, 2 August 2012

അറബ് ഉണര്‍വും ഇസ്ലാമിന്റെ ആത്മീയ പ്രഭാവവും : കാഞ്ച ഐലയ്യ



അറബ് ഉണര്‍വും
ഇസ്ലാമിന്റെ ആത്മീയ പ്രഭാവവും
----------------------------------------------------------

കാഞ്ച ഐലയ്യ*

എല്ലാം ഇളക്കിമറിച്ചുള്ള ഒരു വിപ്ളവത്തിന്റെ മുഖത്താണ് ഇന്ന് അറബ് ലോകം. വിപ്ളവങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇസ്ലാമിന്റെ കരുത്തിനെ സംബന്ധിച്ച് വികലമായ ധാരണ വെച്ചുപുലര്‍ത്തുന്നതിനാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കൊന്നും തന്നെ ഈ സംഭവ വികാസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. നവചൈതന്യമാര്‍ജിക്കാനുള്ള ഊര്‍ജം ഇസ്ലാമിന്റെ രാഷ്ട്രീയ ചിന്തകള്‍ക്കില്ലെന്നാണ് അവരെല്ലാം ധരിച്ചുവശായത്. പക്ഷേ, അവര്‍ക്ക് തെറ്റിയെന്ന് കാര്യങ്ങള്‍ തെളിയിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ പ്രവാചകന്‍ മുഹമ്മദിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരത്തെക്കുറിച്ച പുനര്‍ വായനക്ക് പ്രസക്തിയുണ്ട്. അദ്ദേഹത്തിന്റെ ആത്മീയ, രാഷ്ട്രീയ (ുശൃശൌമഹുീഹശശേര) ത്തെക്കുറിച്ചും പുതിയ മനനങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്.

അറബ് ഗോത്രങ്ങളില്‍ നിലനിന്നിരുന്ന ബിംബാരാധനക്കെതിരെ സമരം ചെയ്ത് ദൈവസങ്കല്‍പത്തിന് പുതിയ തത്ത്വശാസ്ത്ര പരികല്‍പന നല്‍കിയതു മുതല്‍ക്കാണ് ദൈവത്തെ കുറിച്ച ഇസ്ലാമിക സങ്കല്‍പം സാര്‍വത്രികമായി അംഗീകരിക്കപ്പെടാനും സ്വീകരിക്കപ്പെടാനും തുടങ്ങിയത്.

ബിംബാരാധനയുടെ ഘടനയെ തന്നെ പ്രവാചകന്‍ തകര്‍ത്തു കളഞ്ഞു. അത്തരം ബിംബങ്ങള്‍ക്ക് വേണ്ടി പരസ്പരം പോരടിച്ചിരുന്ന അറബ് ഗോത്രങ്ങള്‍ക്ക് അമൂര്‍ത്തമായ ഒരു ദൈവത്തെ പ്രണമിക്കുന്നതിന്റെ പ്രായോഗികത ബോധ്യപ്പെടുത്തിക്കൊടുത്തു. അവര്‍ക്കാകട്ടെ, എല്ലാവരെയും സമന്മാരായി സൃഷ്ടിക്കുന്ന ഒരു ദൈവത്തെ സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

പരസ്പരം കടിച്ചു കീറിയിരുന്ന അറബ് ഗോത്രങ്ങള്‍ക്കിടയില്‍ പ്രവാചകന്‍ സ്ഥാപിച്ചെടുത്ത ഒന്നാമത്തെ പാഠം അതായിരുന്നു - ദൈവത്തിന്റെ കണ്ണില്‍ മനുഷ്യരെല്ലാം തീര്‍ത്തും സമന്മാരാണ്. ഇത് അപരിഷ്കൃതരായിരുന്ന, നാശത്തിന്റെ കുഴി സ്വയം തോണ്ടിയിരുന്ന ഗോത്രങ്ങള്‍ക്കിടയില്‍ ഒരുതരം ആത്മീയ ജനാധിപത്യ (ുശൃശൌമഹ റലാീരൃമര്യ) സങ്കല്‍പത്തിന് വഴി തുറന്നു. അങ്ങനെ ചെയ്തതിലൂടെ അറബ് ലോകത്തിന് സാമൂഹിക മാറ്റത്തിന്റെ പുതിയൊരു വ്യാഖ്യാനം ചമച്ചു കൊടുക്കുകയായിരുന്നു പ്രവാചകന്‍. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെന്ന പോലെ ജാതി ഭ്രാന്തിലേക്കോ അല്ലെങ്കില്‍ ആഫ്രിക്കയുടെ പാതയിലേക്കോ അതു വഴിമാറിപ്പോയേനെ.

അല്ലാഹുവിനെ പ്രണമിക്കണമെന്ന് ആഹ്വാനം ചെയ്തതിലൂടെ അറേബ്യയിലെ സ്ത്രീ-പുരുഷന്മാരെ തത്ത്വശാസ്ത്രപരമായി മറ്റു ഏഷ്യക്കാരേക്കാള്‍ പുരോഗമനപരമായ ഒരു പുതിയ പാതയിലേക്ക് നയിക്കുകയായിരുന്നു പ്രവാചകന്‍. മറ്റുള്ളവരാകട്ടെ, ബിംബാരാധനാ സംസ്കാരത്തിലും സര്‍വ ജീവത്വവാദത്തിലും (മിശാശാ) അഭിരമിച്ച് പരസ്പരം പോരടിച്ചുകൊണ്ടുമിരുന്നു.

ക്രിസ്തുമതം ബിംബാരാധനാ സംസ്കാരത്തില്‍നിന്ന് അതിന്റെ അനുയായികളെ വിലക്കിയെങ്കിലും, യേശുവിനെയും കന്യാമറിയത്തെയും ആരാധിക്കുന്നതിനെ അതു പ്രോത്സാഹിപ്പിച്ചു. വിധിവൈപരീത്യമാവാം, ക്രിസ്തുമതം ഒരു ഏഷ്യന്‍ മത(ഇസ്രയേലി)മായാണ് ജനിച്ചതെങ്കിലും യൂറോപ്യരെയാണത് കൂടുതല്‍ ആകര്‍ഷിച്ചത്. പക്ഷേ, ഇസ്ലാം വളരെ പെട്ടെന്ന് തന്നെ ഏഷ്യാ ഭൂഖണ്ഡമാകെ പടര്‍ന്നു. പ്രവാചക പുംഗവന്റെ നിയോഗത്തിന്റെ 200 വര്‍ഷത്തിനുള്ളില്‍ തന്നെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണു ഇസ്ലാമിനുണ്ടായത്.

ക്രിസ്തു ആത്മീയതയെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ ശ്രമിച്ചപ്പോള്‍, രാഷ്ട്രീയത്തെയും ആത്മീയതയെയും കൂടുതല്‍ ധാര്‍മികതയിലൂന്നി സംയോജിപ്പിക്കാനാണ് പ്രവാചകന്‍ ശ്രദ്ധിച്ചത്. അങ്ങനെയത് സ്വന്തമായൊരു ജനാധിപത്യത്തിന്റെ സാധ്യതകള്‍ രൂപപ്പെടുത്തിയെടുത്തു.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും യൂറോപ്പ് അഭിമുഖീകരിച്ച ജനാധിപത്യ വിപ്ളവത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആത്മീയ-രാഷ്ട്രീയ (ുശൃശൌമഹുീഹശശേര) മായൊരു ജനാധിപത്യവത്കരണത്തിനാണ് അറബ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇസ്ലാമിന്റെ ജനാധിപത്യ സങ്കല്‍പത്തെ കുറിച്ച പുതിയ വ്യാഖ്യാനങ്ങള്‍ക്ക് വഴി തെളിയിക്കും. മറ്റൊരര്‍ഥത്തില്‍, മതേതരത്വത്തെകുറിച്ച് പുതിയ പരികല്‍പനകള്‍ക്കും ഇത് വഴിമരുന്നിടും. യൂറോ-അമേരിക്കന്‍ വിപ്ളവങ്ങളിലും ദൈവത്തെക്കുറിച്ച സങ്കല്‍പമുണ്ടായിരുന്നെങ്കിലും സെക്യുലറിസം അത്തരം വിപ്ളവത്തിന്റെ ഫലമായിരുന്നു.

അറബ് വിപ്ളവങ്ങള്‍ രാഷ്ട്രീയ മീം മാംസക്ക് പുതിയ ഭാഷ്യം ചമക്കുകയാണ്. ഈ വിപ്ളവങ്ങളൊക്കെ മതേതരത്വ സങ്കല്‍പത്തിന് ഏതേത് വ്യാഖ്യാനങ്ങളാണ് നല്‍കുകയെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ദൈവസങ്കല്‍പത്തില്‍നിന്നും മുക്തി നേടിയതല്ല യൂറോപ്പില്‍ രൂപപ്പെട്ട മതേതരത്വം. ഒരുപാട് യൂറോ-അമേരിക്കന്‍ ഭരണഘടനകള്‍ അവയുടെ മുഖവുരയില്‍ ദൈവത്തെക്കുറിച്ച് സങ്കല്‍പങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇസ്ലാമാകട്ടെ, രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും വ്യത്യസ്തമായൊരു ഇടപാടിനെ കുറിച്ചാണ് സംസാരിക്കുന്നത്. ക്രിസ്തുവില്‍ നിന്ന് വ്യത്യസ്തമായി, രാഷ്ട്രീയ തത്ത്വജ്ഞാനിയാണ് താനെന്ന് സ്വയം തെളിയിച്ചിട്ടുണ്ട് പ്രവാചകന്‍. സ്വന്തം സമൂഹത്തെയും മരുമക്കളെയുമൊക്കെ തനിക്ക് ശേഷം രാഷ്ട്രത്തിന് നേതൃത്വം കൊടുക്കാന്‍ പ്രാപ്തരാക്കിക്കൊണ്ടായിരുന്നു അത്.

'മുല്ലപ്പൂ വിപ്ളവം' എന്ന് പേര് വിളിച്ച് അറബ് വിപ്ളവത്തെ വില കുറച്ച് കാണിക്കാനുള്ള ഒരു ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ അറബ് ലോകത്തെ മാത്രമല്ല, മുഴു ലോകത്തെയും തന്നെ ഒരു പുനഃ പ്രതിഷ്ഠക്ക് വഴിയൊരുക്കുന്നുണ്ട് ഈ വിപ്ളവങ്ങളത്രയും. ഏഷ്യാ ഭൂഖണ്ഡത്തിലാകട്ടെ, ഈ വിപ്ളവങ്ങള്‍ നല്‍കുന്ന പാഠം വളരെ കനത്തതാണ്. ചൈനയിലും പാകിസ്താനിലും ബംഗ്ളാദേശിലും മാത്രമല്ല, ഇന്ത്യയിലും ശ്രീലങ്കയിലും തന്നെ ജനകീയ വിപ്ളവത്തിലൂടെ ഉരുത്തിരിഞ്ഞ് വന്നതല്ല അവയുടെ ജനാധിപത്യ സംസ്കാരം. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും ബ്രിട്ടന്‍ ഉണ്ടാക്കിവെച്ച ജനാധിപത്യ രീതികളാണ് ഇന്ന് നിലനില്‍ക്കുന്നത്. അസമത്വം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ സാമൂഹിക പ്രശ്നങ്ങള്‍ പേറുന്നവയാണ് ഇവയെല്ലാം. ചൈനയാകട്ടെ, ഒരു കമ്യൂണിസ്റ് സംസ്കാരം വിപ്ളവത്തിലൂടെ സാധിച്ചെടുത്തിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക സംസ്കാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് അതിദുര്‍ബലമാണ്. ഒരൊറ്റ ദൈവം, ഒരൊറ്റ ഗ്രന്ഥം, ഒരൊറ്റ പ്രവാചകന്‍ എന്നീ സങ്കല്‍പത്തിലൂടെ ദേശങ്ങള്‍ക്കതീതമായ ഒരു ഏകത അരക്കിട്ടുറപ്പിക്കുകയാണ് ഇസ്ലാമിക സംസ്കാരം. ഉത്തമമായൊരു സാംസ്കാരിക തനിമ ദേശങ്ങളുടെ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുന്നുവെങ്കില്‍, ഇസ്ലാമിക നാഗരികതക്കൊപ്പം കിടപിടിക്കാവുന്ന ഒരു നാഗരികതയും ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകും.

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഒരു സൂചനയായി കണക്കാക്കാമെങ്കില്‍ സാമുവല്‍ ഹണ്ടിംഗ്ടന്റെ നാഗരികതകളുടെ സംഘട്ടനം (രഹമവെ ീള രശ്ശഹശ്വമശീിേ) തല കുത്തിവീഴുക മാത്രമല്ല, അതിനു പകരമായി നാഗരികതകളുടെ ഗൂഢാലോചന (രീഹഹൌശീിെ ീള രശ്ശഹശ്വമശീിേ) എന്ന് തല്‍സ്ഥാനത്ത് എഴുതിവെക്കേണ്ടി വരും. ചിന്താശൂന്യരെന്ന് ഒരു കാലത്ത് പാശ്ചാത്യര്‍ പരിഹസിച്ച അതേ അറബ് ലോകം ഈ ഗൂഢാലോചന ശരിയെന്ന് തെളിയിക്കുകയും ചെയ്യും.

*(പ്രമുഖ ദലിത് ചിന്തകനും ഹൈദരാബാദിലെ മൌലാനാ ആസാദ് നാഷ്നല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയില്‍ സാമൂഹികപഠന വിഭാഗത്തില്‍ പ്രഫസറുമാണ് ലേഖകന്‍)))

വിവ: കെ.പി മുസ്വദ്ദിഖ് ഹൈദരാബാദ

No comments:

Post a Comment